മാതാപിതാക്കളോട്.....
"യരുശലേം പുത്രിമാരേ നിങ്ങള്‍ എന്നെ ചൊല്ലി കരയേണ്ട, നിങ്ങളെയും നിങ്ങളുടെ മക്കളേയും ചൊല്ലി കരയുവിന്‍" എന്നരുളി ചെയ്ത കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ നാമത്തിലുള്ള സ്നേഹ വന്ദനം.
ഭാരമേറിയ മരക്കുരിശും പേറി ഗോല്‍ഗോഥാ മലയിലേക്ക് വീണും ഏഴുന്നേറ്റും,വീണും ഏഴുന്നേറ്റും, പോകുന്ന കര്‍ത്താവിനെ കണ്ട് കരഞ്ഞ യരുശലേമിലെ സ്ത്രീകളോട് കര്‍ത്താവ് തിരുവായ് മൊഴിഞ്ഞ വാക്കുകളാണ് മുകളില്‍ കൊടുത്തിരിക്കുന്നത്. കര്‍ത്താവിന്‍റെ ഈ മൊഴികള്‍ ഏതു കാലത്തേക്കാളും പ്രസക്തമായിരിക്കുന്നത് ഈ കാലത്താണെന്ന് സംശയമെന്യേ പറയുവാന്‍ കഴിയും. മനുഷ്യനുണ്ടായ കാലം മുതല്‍ വഷളത്വം ഉളള തലമുറയെ കാണുവാന്‍ കഴിയുമെങ്കിലും, വഷളത്വം അതിന്‍റെ പാരമ്യത്തിലെത്തിയ സമയമാണിത്. പത്തു വയസ്സുകാരനും, പന്ത്രണ്ടു വയസ്സുകാരനും, വ്യഭിചാരികളും, കുലപാതകന്മാരുമായി മാറിയ മറ്റൊരു കാലം ഉണ്ടോ എന്നു സംശയമാണ്. ദൈന്യം ദിനമുള്ള പത്രവാര്‍ത്തകള്‍ അവിശ്വസനീയമായി തോന്നാം എങ്കിലും വിശ്വസിച്ചേ പറ്റൂ. "നമ്മുടെ മക്കള്‍ നമ്മളറിയാതെ" എന്ന പേരില്‍ മലയാള മനോരമ ദിനപത്രത്തില്‍ വന്ന പരമ്പര വളരെ പരിഭ്രമത്തോടെയാണ് ഞാന്‍ വായിച്ചത്. നിങ്ങളും അങ്ങനെ തന്നെയെന്നു വിശ്വസിക്കുന്നു. നമ്മുടെ ദേശം ലോത്തിന്‍റെ കാലത്തെക്കാള്‍ അധഃപതിച്ചിരിക്കുന്നു.
ഇവിടെയാണ് കര്‍ത്താവിന്‍റെ വാക്കുകള്‍ അതേ വികാരത്തോടെ നാം ഏറ്റെടുത്ത് നമ്മുടെ കുഞ്ഞുങ്ങള്‍ക്കു വേണ്ടി കരയേണ്ടത്. കാരണം ആത്മീയരുടെ മക്കള്‍ പോലും ഇന്ന് അനാത്മീയതയിലേയ്ക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു. ഒരുവനെ കുപ്രസിദ്ധനാക്കുന്നതിലും, സുപ്രസിദ്ധനാക്കുന്നതിലും, ഭവനത്തിന്, മാതാപിതാക്കള്‍ക്ക് വളരെ പങ്കുണ്ട്. മുന്‍രേഖപ്പെടുത്തിയ കുറ്റകൃത്യങ്ങള്‍ നടത്തിയ കുട്ടികളുടെ മാതാപിതാക്കള്‍ മദ്യപരും, അസാന്മാര്‍ഗ്ഗീയ ജീവിതം നയിച്ചവരുമാണെന്നുള്ള പത്ര റിപ്പോര്‍ട്ടുകള്‍ നമുക്ക് ഒരു മുന്നറിയിപ്പാണ്. വളരെ ചെറുപ്രായത്തിലേ കുട്ടികളില്‍ അവരുടെ സ്വഭാവരൂപീകരണം നടക്കുന്നു. കാരണം തലച്ചോറിന്‍റെ വികാസം ഒരു മനുഷ്യനില്‍ വളരെ കുട്ടിക്കാലത്തുതന്നെ നടക്കുന്നു. അപ്പോള്‍ ലഭിക്കുന്ന അഭ്യസനമാണ് ഒരാളുടെ സ്വഭാവരൂപീകരണത്തിന്‍റെ അടിത്തറ. "ബാലന്‍ നടക്കേണ്ടുന്ന വഴിയില്‍ അവനെ അഭ്യസിപ്പിച്ചാല്‍ വൃദ്ധനായാലും അതു വിട്ടു മാറുകയില്ല." എന്ന സദൃശവാക്യം ഓരോ മാതാപിതാക്കളും കുറിക്കൊള്ളേണ്ടതാണ്. നമ്മുടെ മക്കളുടെ മുമ്പിലുള്ള നമ്മുടെ വിശുദ്ധജീവിതവും, വിശ്വസ്തതയും, പരസ്പര സ്നേഹവും, ദൈവത്തിലുള്ള അചഞ്ചലമായ വിശ്വാസവും അവരില്‍ ദൈവാശ്രയബോധവും, ദൈവഭക്തിയും ഉളവാക്കും. നൂറ്റിഇരുപത്തിയെട്ടാം സങ്കീര്‍ത്തനം ദൈവത്താല്‍ അനുഗ്രഹിക്കപ്പെട്ട ഒരു കുടുംബത്തിന്‍റെ ചിത്രമാണ്. ദൈവത്തെ ഭയപ്പെട്ട് അവന്‍റെ വഴികളില്‍ നടക്കുന്ന പിതാവ്, ഫലപ്രദമായ മുന്തിരിവള്ളിയായ മാതാവ്. അവരുടെ മക്കള്‍ നിശ്ചയമായും മേശയ്ക്കു ചുറ്റും ഒലിവുതൈകള്‍ തന്നെയായിരിക്കും. ഇന്ന് അങ്ങനെയുളള കുടുംബങ്ങള്‍ തുലോം കുറവായിരിക്കുമെങ്കിലും, അവര്‍ ദേശത്തിനും ദൈവസഭയ്ക്കും ഒരു അനുഗ്രഹം തന്നെയായിരിക്കും.ആകയാല്‍ മാതാപിതാക്കളായ നാം ദൈവവഴിയില്‍ നടക്കുന്നവരും, മനുഷ്യരേയും ദൈവത്തെയും പ്രസാദിപ്പിക്കുന്ന മുന്തിരിവള്ളിയുടെ ഗുണമുള്ളവരുമായിത്തീരാം. ദൈവം ഏവരേയും അനുഗ്രഹിക്കട്ടെ. കൃപ എല്ലാവരോടും കൂടെയിരിക്കട്ടെ.
Trouble Viewing this Page ?
if you are using a windows 7 and you have trouble viewing this page, please esnure that you have kartika font installed.. If you are using windows xp and you have trouble viewing this page, please ensure that you have AnjaliOld font installed.
No comments:
Post a Comment